എഡിഎമ്മിന്റെ മരണം: പി.പി.ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസ്- യുവമോർച്ച പ്രതിഷേധം
Tuesday, October 15, 2024 12:56 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസും യുവമോർച്ചയും നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസുമായി ഉന്തും തള്ളുമുണ്ടായതോടെ പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.
യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേഡുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
കൂടുതൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നഹത്തെ വിന്യസിച്ചിട്ടുണ്ട്.