പട്ടിത്താനം-മണര്‍കാട് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Monday, February 26, 2024 4:34 PM IST
കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനം - മണര്‍കാട് ബൈപാസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ ജ്യോതിഷ് വീട്ടില്‍ ശിവാനന്ദന്റെ മകന് വിഷ്ണു ശിവാനന്ദനാ(31)ണ് മരിച്ചത്. ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ കെഎന്‍ബി ഓഡിറ്റോറിയത്തിനു സമീപം പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്.
ചെറുവാണ്ടൂരിലുള്ള ബന്ധുവീട്ടില്‍ എത്തിയ വിഷ്ണു കല്ലറയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നുവന്ന ബൈക്കുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
വിഷ്ണുവിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്കില്‍ രണ്ടു പേര് ഉണ്ടായിരുന്നു. റോഡില്‍ വീണു കിടന്ന മൂന്നുപേരെയും നാട്ടുകാരും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച ശേഷമാണ് വിഷ്ണു മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.