നിയമലംഘകരെ പിടിക്കാനാവില്ല; സ്കൂളുകൾ അമിതവേഗക്കാരെ ഒഴിവാക്കണമെന്ന് മന്ത്രി
Friday, October 7, 2022 10:26 AM IST
തിരുവനന്തപുരം: നിരത്തിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാനാവില്ലെന്നും വിനോദയാത്ര സംഘങ്ങൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിർദേശവുമായി ഗതാഗത മന്ത്രി ആന്റണി രാജു.
നിയമം ലംഘിച്ച് വാഹനങ്ങൾ നിരത്തുകളിലോടുന്നുണ്ട്. എല്ലാ വാഹനങ്ങളുടേയും മുന്നിലും പിന്നിലും ഓടി നിയമലംഘകരെ പിടിക്കാനാവില്ല. വിനോദയാത്ര സംഘങ്ങൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റ് ബസുകൾ പലതും മോട്ടോർവാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ സ്പീഡ് ഗവർണർ അഴിച്ചുമാറ്റുകയും ലൈറ്റുകളും മറ്റും അധികമായി ഘടിപ്പിക്കുകയുമാണ് പതിവ് ശബ്ദസംവിധാനങ്ങളിലും മാറ്റം വരുത്തും. എന്നാൽ ഇത്തരം നിയമലംഘകരെ നിയന്ത്രിക്കാൻ കഴിയില്ല. നിയമം ലംഘിക്കുന്നവരെ ബുക്ക് ചെയ്യാതിരിക്കാൻ സ്കൂൾ, കോളജ് അധികൃതർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ വാഹനം അമിതവേഗതയിലായിരുന്നെന്ന് കണ്ടെത്താൻ കഴിഞ്ഞത് മോട്ടോർവാഹന വകുപ്പ് ഏർപ്പെടുത്തിയ സംവിധാനത്തിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.