വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Tuesday, April 23, 2024 5:56 PM IST
തിരുവനന്തപുരം: വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം.
ലേഡീസ് കമ്പാർട്ട്മെന്റിൽ ഇരുന്ന ആളോട് മാറാൻ വനിതാ ടിടിഇ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പ്രതിയെ കായംകുളം ആർപിഎഫിന് കൈമാറി.
അതേസമയം ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പോലീസുകാർ വന്ന് കാര്യങ്ങൾ ചോദിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തയാറായില്ലെന്നും ടിടിഇ പറഞ്ഞു.
ആഴ്ചകൾക്കു മുന്‍പ് തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ അതിഥി തൊഴിലാളി തള്ളിയിട്ടു കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ടിടിഇക്കു നേരെ അതിക്രമം ഉണ്ടായത്.