ബ്രഹ്മപുരത്തെ കരാർ 54 കോടിക്ക്, ഉപകരാർ 22 കോടിക്ക്; 32 കോടി പോയത് പോക്കറ്റിലേക്കെന്ന് ബിജെപി
Wednesday, March 22, 2023 6:03 PM IST
ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബ്രഹ്മപുരത്ത് ബയോ മൈനിംഗിനു വേണ്ടിയാണ് സോണ്ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഒന്‍പതു മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. 54 കോടിയായിരുന്നു കരാര്‍ തുക. ബയോ മൈനിംഗ് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വേറൊരു അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് ഉപകരാര്‍ നല്കി. സോണ്ടയ്ക്ക് കരാര്‍ നല്‍കിയത് 54 കോടിക്ക്. അവര്‍ ഉപകരാര്‍ നല്‍കിയത് 22 കോടിക്ക്. 32 കോടി രൂപ ഒന്നും ചെയ്യാതെ നേരെ സ്വന്തം പോക്കറ്റിലേക്ക് പോയിയെന്നും ജാവദേക്കര്‍ ആരോപിച്ചു.
ബ്രഹ്മപുരത്ത് നടന്നത് അഴിമതിയാണെന്നും പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗോവയും ഇൻഡോറും മാലിന്യ സംസ്കരണത്തിന് മാതൃകകളാണെന്നും അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ജാവദേക്കര്‍ പറഞ്ഞു.
ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റോ യന്ത്രങ്ങളോ സംസ്കരണമോ നടക്കുന്നില്ല. അവിടെ നടന്നത് മുഴുവന്‍ അഴിമതിയാണ്. പണം ചെലവഴിക്കല്‍ മാത്രമാണ് നടക്കുന്നത്. സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ള മാലിന്യഅഴിമതി സിബിഐ അന്വേഷിക്കണമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.