കോതി - ആവിയ്ക്കല് തോട് സമരം; പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
Monday, December 5, 2022 10:04 PM IST
തിരുവനന്തപുരം: കോഴിക്കോട്ടെ കോതി - ആവിയ്ക്കല് തോട് സമരങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായിവിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
മാലിന്യനിര്‍മാര്‍ജന പദ്ധതി എവിടെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍പ്പാണ്. പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യസംസ്കരണം ആള്‍താമസമില്ലാത്ത സ്ഥലത്തുവേണമെന്ന് പറയുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തില്‍ പ്രതിഷേധം തുടര്‍ന്നാല്‍ മാലിന്യസംസ്കരണം എങ്ങനെയാണ് സാധ്യമാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മാലിന്യപ്ലാന്റിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും പ്രതിഷേധങ്ങള്‍ തണുപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.