പാ​ല​ക്കാ​ട്: ക​രി​ങ്ക​ര​പ്പു​ള്ളി​യി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് ​മ​രി​ച്ച​വ​രു​ടേ​തെ​ന്ന് സംശയം. ഇതേ​ത്തു​ട​ർ​ന്ന് സ്ഥ​ലം ഉ​ട​മ ആനന്ദ് കുമാറിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാൾ തന്നെ പാടത്ത് കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതാണെന്നാണ് പോലീസിന്‍റെ നിഗമനം.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ളെ പു​റ​ത്തെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടേ​ക്കാ​ട് ഭാ​ഗ​ത്തു നി​ന്ന് കാ​ണാ​താ​യ സതീഷ്(22),സുജിത്(22) എന്നീ യു​വാ​ക്ക​ളു​ടേ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ന്നാ​ണ് സൂചന.

പ്ര​ദേ​ശ​ത്ത് ര​ണ്ടു​ദി​വ​സം മു​ന്‍​പ് ഒ​രു സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ യു​വാ​ക്ക​ളും അഭിൻ, അജിത് എന്നീ സുഹൃത്തുക്കളും സതീഷിന്‍റെ കരിങ്കലപ്പുള്ളിയിലെ ബ​ന്ധു​വീ​ട്ടി​ല്‍ ഒ​ളി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ഇ​ന്ന​ലെ പുലർച്ചെ പോ​ലീ​സ് ത​ങ്ങ​ളെ തേ​ടി​യെ​ത്തു​ന്നു​ണ്ടെ​ന്ന സംശയത്തെത്തുടർന്ന് ഇവർ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​കാം അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും സുജിത്തിനെയും കാണാഞ്ഞതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിലും ഇവരെ കിട്ടാതെ വന്നതോടെ കസബ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.