കുർദ് തീവ്രവാദികളെ കൈമാറിയാൽ പിന്തുണ നൽകാം; സ്വീഡനോട് തുർക്കി
Monday, January 30, 2023 4:02 PM IST
അങ്കാറ: കുർദ് തീവ്രവാദികളെ കൈമാറിയാൽ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് പിന്തുണ നൽകാമെന്ന് തുർക്കി. നിങ്ങൾക്ക് (സ്വീഡൻ) നാറ്റോയിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിൽ പ്രതിഷേധക്കാരായ കുർദ് തീവ്രവാദികളെ തങ്ങൾക്ക് കൈമാറണമെന്ന് തുർക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ആവർത്തിച്ചു.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ ടർക്കിഷ് എംബസിക്കു മുന്നിൽ എർദോഗന്റെ കോലം തൂക്കിലേറ്റിയത് കുർദ് വംശജരാണ്. പിന്നീട് മറ്റൊരു സംഭവത്തിൽ തീവ്ര വലതുപക്ഷ ഡാനിഷ് പാർട്ടിക്കാർ ഖുറാൻ കത്തിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്ക് സ്വീഡൻ അനുമതി നൽകിയതാണ് തുർക്കിയെ പ്രകോപിപ്പിച്ചത്.
നാറ്റോയുടെ നിയമാവലി പ്രകാരം ഒരംഗരാജ്യത്തിന്റെ എതിർപ്പു മതി മറ്റുള്ളവരുടെ അപേക്ഷ തള്ളാൻ. സ്വീഡനൊപ്പം ഫിൻലൻഡും നാറ്റോ അംഗത്വത്തിനു ശ്രമിക്കുന്നുണ്ട്. ഫിൻലൻഡ് നാറ്റോയിൽ ചേരുന്നതിനെ പിന്തുണയ്ക്കുമെന്നും എർദോഗൻ വ്യക്തമാക്കി.