പഞ്ചസാര മിൽ തകർത്ത കേസ്; ബിജെപി മുൻ എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി
Thursday, June 20, 2024 1:33 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഷഹാബാദിലെ പഞ്ചസാര മിൽ തകർത്ത് കേസിൽ ബിജെപി മുൻ എംഎൽഎ കാശിറാം ദിവാകർ ഉൾപ്പെടെ ആറ് പേർ കുറ്റക്കാരാണെന്ന് ഉത്തർപ്രദേശിലെ പ്രത്യേക എംപി/എംഎൽഎ കോടതി വിധിച്ചു.
ശിക്ഷ വ്യാഴാഴ്ച കോടതി വിധിക്കും. 2012ൽ ഷഹാബാദ് ആസ്ഥാനമായുള്ള റാണാ ഷുഗർ മിൽ പ്രസിഡന്റ് ഓംവീർ സിംഗ് ആണ് കേസ് നൽകിയത്. മില്ലിന്റെ പരിസരത്ത് നിന്ന് ട്രാക്ടർ ട്രോളി പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ദിവാകറിന്റെ നേതൃത്വത്തിൽ ചിലർ മില്ലിൽ ആക്രമണം നടത്തിയത്.
ആക്രമിസംഘം ചില തൊഴിലാളികളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ദിവാകർ ഉൾപ്പെടെ 38 പേർക്കെതിരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 200 പേർക്കെതിരെയും കേസെടുത്തതായി അഭിഭാഷകൻ സീമ റാണ പറഞ്ഞു.
വാദത്തിന് ശേഷം പ്രത്യേക എംപി/എംഎൽഎ കോടതി ജഡ്ജി വിജയ് കുമാർ, ദിവാകറിനെയും മറ്റ് അഞ്ച് പ്രതികളായ കൃഷ്ണപാൽ, ഭരത്, സഞ്ജു യാദവ്, മേഘ്രാജ്, സുരേഷ് ഗുപ്ത എന്നിവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.