സംസ്ഥാനത്ത് മാർച്ച് 28ന് ചരക്ക് വാഹനങ്ങൾ പണിമുടക്കും
Saturday, March 25, 2023 6:57 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങൾ മാർച്ച് 28ന് പണിമുടക്കും. പ്രതിസന്ധിയിലായ ചരക്കു ഗതാഗത മേഖലയെ അനാവശ്യ പരിശോധനകൾ നടത്തിയും പിഴ ചുമത്തിയും ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി പണിമുടക്കുന്നതെന്ന് വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇന്ധന വില വർധനയും ഇൻഷുറൻസ് പ്രീമിയം വർധനയും സ്പെയർ പാർട്സ് വില വർധനയും മൂലം തകർന്ന മേഖലയെ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.
പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നും നേതാക്കൾ അറിയിച്ചു.