ഷമിക്കു അഞ്ച് വിക്കറ്റ്; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയലക്ഷ്യം
Friday, September 22, 2023 5:59 PM IST
മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സെടുത്തു. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ഓസ്ട്രേലിയയ്ക്കായി ഓപ്പണർ ഡേവിഡ് വാർണർ അർധസെഞ്ചുറി നേടി. 53 പന്തിൽ 52 റണ്‍സെടുത്ത വാർണറാണ് ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് 50 പന്തിൽ 41 റണ്‍സും നേടി. ഇരുവരും ചേർന്ന് 94 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തു.
മാർനസ് ലാബുഷാഗ്നെ (39), കാമറൂണ്‍ ഗ്രീൻ (31), ജോഷ് ഇംഗ്ലിസ് (45) എന്നിവരും ഓസ്ട്രേലിയയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി പത്ത് ഓവറിൽ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംമ്ര, രവീചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.