കരുതിയിരിക്കുക; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസീസ്
Tuesday, February 7, 2023 4:12 PM IST
ന്യൂഡൽഹി: ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയ. കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 36 റൺസിന് ഇന്ത്യയെ തങ്ങൾ ചുരുട്ടികെട്ടിയ വീഡിയോ ട്വീറ്റ് ചെയ്താണ് ഓസീസിന്റെ ഭീഷണി.
"36ന് ഓൾഔട്ട്. ബോർഡർ-ഗവാസ്കർ ട്രോഫി വ്യാഴാഴ്ച്ച തുടങ്ങുന്നു' എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന ട്വീറ്റ്. ഇന്ത്യൻ ഇന്നിംഗ്സിന്റെ വീഡിയോയും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഉൾപ്പെടെ നിരവധി ഇന്ത്യൻ ആരാധകർ ട്വീറ്റിന് മറുപടിയുമായി എത്തി. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും പരമ്പര ഇന്ത്യയാണ് നേടിയത് എന്ന് ഓസീസിനെ ചോപ്ര ഓർമിപ്പിച്ചു.