ലോകകപ്പ് തോൽവി ആഘോഷിച്ചതിന് അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തില്ല
Sunday, December 3, 2023 5:32 PM IST
ശ്രീനഗർ: ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ പരാജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരെ ചുമത്തിയ തീവ്രവാദ വിരുദ്ധ നിയമം പിൻവലിച്ചു. ജമ്മുകാഷ്മീരിൽ നിന്നും അറസ്റ്റിലായ ഏഴ് കോളജ് വിദ്യാർഥികൾക്കെതിരായ നടപടിയാണ് പിൻവലിച്ചത്.
എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസെടുക്കും. ഷെർ-ഇ-കാഷ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളാണ് ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ പരാജയം ഹോസ്റ്റലിൽ വച്ച് ആഘോഷിച്ചത്.
ഇവർക്കെതിരെയുള്ള യുഎപിഎ വകുപ്പ് ഒഴിവാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, യുഎപിഎ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ നിയമപ്രകാരമുള്ള വകുപ്പുകൾ പോലീസ് ചുമത്തിയതായി വൃത്തങ്ങൾ പറയുന്നു.
ഫൈനൽ മത്സരത്തിനിടെ മറ്റൊരു വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതിനും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനും ഈ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.