""തട്ടമിടാത്തത് പുരോഗമന അടയാളമല്ല''; അനില്‍കുമാറിനെ തള്ളി കെ.ടി.ജലീല്‍
Tuesday, October 3, 2023 9:55 AM IST
മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ
പരാമര്‍ശത്തിനെതിരേ കെ.ടി.ജലീല്‍ എംഎല്‍എ. അനില്‍കുമാറിന്റെ വ്യക്തിപരമായ അഭിപ്രായം പാര്ട്ടിയുടേതാക്കരുതെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വ്യക്തിയുടെ അബദ്ധം പാര്‍ട്ടിയുടെ തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണ്. തട്ടമിടാത്തത് പുരോഗമന അടയാളമല്ലെന്നും സ്വതന്ത്രചിന്ത തട്ടമിടാതിരിക്കലല്ലെന്നും ജലീല്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളായി മാറ്റിയിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എ.എം.ആരിഫിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത് മതാചാരപ്രകാരമാണ്. ഇത് പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നെന്നും ജലീലിന്റെ പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.
സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് ഐസ്റ്റീനോനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണെന്നും അനില്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.