തരൂർ പൊതു സ്വീകാര്യനെന്നു യുഡിഎഫ് കണ്‍വീനർ
Saturday, November 26, 2022 7:36 PM IST
തിരുവനന്തപുരം: പൊതുസ്വീകാര്യനായ വ്യക്തിയാണ് ശശിതരൂരെന്നും അദ്ദേഹത്തെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ പാർട്ടി നേരിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രിക തയാറാക്കിയത് തരൂരാണ്.
മൂന്നുതവണ പാർലമെൻറ് അംഗമായും കേന്ദ്രമന്ത്രിയായും പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും മത്സരിച്ച വ്യക്തിയാണ്. പാർട്ടിയിൽ അദ്ദേഹത്തിന്റെ സ്ഥാനം അതിൽ നിന്നുതന്നെ വ്യക്തമാണെന്നും പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഹസൻ മറുപടി നൽകി.
ശശിതരൂർ വിഷയം ഊതി വീർപ്പിച്ച് വഷളാക്കിയത് മാധ്യമങ്ങളാണ്. എഐസിസിയോ കെപിസിസിയോ അദ്ദേഹത്തോട് ഒരു അനീതിയും കാട്ടിയിട്ടില്ല. കാട്ടേണ്ട കാര്യവുമില്ല. അദ്ദേഹത്തിന് ഒരു വിലക്കും പാർട്ടി ഏർപ്പെടുത്തിയിട്ടില്ല.
മലബാർ പര്യടനത്തിൽ വിവാദമില്ല. അത് മാധ്യമങ്ങൾ ഉണ്ടാക്കിയ ജഗപുകയാണ്. പാണക്കാട്ടേക്ക് തരൂർ നിരവധി തവണ മുൻകാലങ്ങളിലും പോയിട്ടുണ്ട്. അതിന് ഒരു പുതുമയും ഇല്ല. കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ പാടില്ലായിരുന്നെന്നും ഹസൻ പറഞ്ഞു.