സ്വത്ത് തർക്കം; യുവാവ് സഹോദരനെ മർദിച്ചു കൊന്നു
Thursday, December 8, 2022 5:53 AM IST
ലക്നോ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.
28കാരനായ ജിതേന്ദ്ര എന്നയാളെ മുതിര്‍ന്ന സഹോദരനായ ധർമേന്ദ്രയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
കെവതിയ തോല പ്രദേശവാസിയായ മുരളി നിഷാദ് എന്നയാൾക്ക് അഞ്ച് ആൺമക്കളുണ്ടായിരുന്നു, മുരളിയുടെ മരണശേഷം, സ്വത്ത് മക്കൾ തുല്യമായി വീതിച്ചെടുത്തു. എന്നാൽ പ്രതി കൊല്ലപ്പെട്ട ജിതേന്ദ്രയുടെ ഭൂമിയുടെ ഒരു ഭാഗം ധർമേന്ദ്ര കൈയേറി.
ചൊവ്വാഴ്ച രാത്രിയോടെ ഇരുവരുടെയും ഭാര്യമാർ തമ്മിൽ സ്വത്തിനെ സംബന്ധിച്ച് വഴക്കുണ്ടായി. ഇതിൽ സഹോദരങ്ങളും പങ്കുചേർന്നു. പിന്നാലെ ധർമേന്ദ്ര വടി ഉപയോഗിച്ച് ജിതേന്ദ്രയെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ധർമേന്ദ്രയെ പിടികൂടാൻ പോലീസ് ശ്രമമാരംഭിച്ചു.