മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി
Tuesday, October 15, 2024 3:27 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ദമ്പതികൾ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. ഭമ്രഗഡ് ലോക്കൽ ഓർഗനൈസേഷൻ സ്ക്വാഡിന്റെ (എൽഒഎസ്) കമാൻഡർ വരുൺ രാജ മുചകി (27), പാർട്ടി അംഗം റോഷനി വിജയ വാച്ചാമി (24) എന്നിവരാണ് കീഴടങ്ങിയതെന്ന് ഗഡ്ചിറോളി പോലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാർ ഇവരുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആകെ എണ്ണം 674 ആയി ഉയർന്നു.
2015ലാണ് ചത്തീസ്ഗഡിലെ കൊന്ത പ്രദേശത്ത് നിന്നും മുചകി മാവോയിസ്റ്റ് സംഘടനയിൽ അംഗമായത്. 2020 മുതൽ 2022 വരെ, ഇയാൾ മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡറായിരുന്നു. തുടർന്ന് ദലം കമാൻഡറായി.10 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉൾപ്പടെ 15 കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ട്. റോഷനി വാച്ചാമി 2015 ലാണ് പാർട്ടി അംഗമായത്. 23 കേസുകളിലെ പ്രതിയാണ് റോഷനി.