ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആല്‍വിന്‍(24) ആണ് പിടിയിലായത്.

ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ ഇയാള്‍ പഴയ മൂന്നാറിലെ ഒരു പള്ളിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയില്‍ തണുപ്പ് സഹിക്കാനാതെ ഇയാള്‍ പുറത്തിറങ്ങിയപ്പോള്‍ ഗാര്‍ഡ് കണ്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലെ ഒറ്റപ്പെട്ട സ്ഥലത്തുവച്ചായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ പ്രിന്‍സിക്ക് (21) ആണ് വാക്കത്തികൊണ്ട് വെട്ടേറ്റത്. ഇതുവഴി വാഹനത്തില്‍ പോയവരാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടി ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പഴയ മൂന്നാര്‍ ഗവ. ടീച്ചേഴ്‌സ് ട്രെയ്‌നിങ് സ്ഥാപനത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പ്രിന്‍സി.

ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. യുവാവിന്‍റെ സ്വഭാവദൂഷ്യം മൂലം സൗഹൃദത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.