നെറ്റ് ചോദ്യപേപ്പര്‍ വില്‍പ്പനയ്ക്ക് വച്ചത് ഡാര്‍ക്ക് വെബിലും ടെലഗ്രാമിലും; വില ആറ് ലക്ഷം
Friday, June 21, 2024 3:00 PM IST
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്‍പ്പനയ്ക്ക് വച്ചത് ആറ് ലക്ഷം രൂപയ്ക്ക്. പരീക്ഷയുടെ 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നു. ഡാര്‍ക്ക് വെബിലും ടെലഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും വില്‍പ്പന നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രാലയ സെക്രട്ടറി നൽകിയ പരാതിയിലാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വിവിധ വിഷയങ്ങളിലുള്ള നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകകളാണ് ചോര്‍ന്നത്. ചില പരിശീലന കേന്ദ്രങ്ങള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സിബിഐ സംശയിക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ചില പരിശീലനകേന്ദ്രങ്ങളും അതിന്റെ ഉടമസ്ഥരും അടക്കം സംശയത്തിന്റെ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും സിബിഐ അറിയിച്ചു.