പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരം; രണ്ടാം പിണറായി സര്‍ക്കാരിന് അഹങ്കാരമില്ലെന്ന് ധനമന്ത്രി
Wednesday, February 8, 2023 3:49 PM IST
തിരുവനന്തപുരം:പ്രതിപക്ഷത്തിന്റെ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി ബാലഗോപാല്‍. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട കാര്യങ്ങള്‍ മാത്രം കണ്ട് പ്രതിപക്ഷം വിമര്‍ശിക്കുന്നത് ദുഃഖകരമാണ്. സാധാരണ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളത്.
രണ്ടാം പിണറായി സര്‍ക്കാരിന് അഹങ്കാരമില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യം സര്‍ക്കാരിനുണ്ട്. കേരളത്തിന് അര്‍ഹമായ വീതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണ് കേന്ദ്രനയം, അത് സംരക്ഷിക്കുകയാണ് കേരളം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാരിന് ലക്ഷ്യബോധമുണ്ട്. കേരളം പെന്ഷന് കൊടുക്കുന്നത് 60 ലക്ഷത്തിലധികം പേര്‍ക്കാണ്.
ഒരു കാറ് വാങ്ങുന്നതോ വിദേശത്തേയ്ക്ക് പോകുന്നതോ ചെലവ് ചുരുക്കല്‍ വിഷയമല്ലെന്ന് മന്ത്രി പറഞ്ഞു. നിപയും കോവിഡും പ്രളയവുമാണ് വരുമാനം കുറയാന്‍ കാരണം. എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരശതമാനം കുറഞ്ഞു. ഈ വര്‍ഷം ജിഎസ്ടി 25 ശതമാനം കൂടിയെന്നും മന്ത്രി പറഞ്ഞു.
ഇന്ധനസെസിന്റെ പേരിൽ പ്രതിപക്ഷം സമരം ചെയ്യാൻ പോയാല്‍ മറ്റ് വിഷയങ്ങള്‍ ആര് ചര്‍ച്ച ചെയ്യുമന്ന് മന്ത്രി ചോദിച്ചു.