കൊച്ചി: പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജപ്തി നടപടികള്‍ നേരിട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാംഗ്മൂലവും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. എന്നാല്‍ ചിലയിടങ്ങളില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രജിസ്‌ട്രേഷന്‍ ഐജിയില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍ സ്വീകരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചിലയിടത്ത് വീഴ്ചകള്‍ സംഭവിച്ചു. പേരിലും വിലാസത്തിലുമൊക്കെയുള്ള സാമ്യം മൂലമാണ് പിഴവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയം ശ്രദ്ധയില്‍പെട്ടയുടനെ സംഘടനയുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ നിര്‍ത്തിവച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പിഎഫ്‌ഐ ബന്ധമില്ലാതിരുന്നിട്ടും ജപ്തി നടപടികള്‍ നേരിട്ട 18 പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി സർക്കാരിന് നിര്‍ദേശം നൽകി. കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയ മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകന്‍ ടി.പി.യൂസഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികളാണ് അടിയന്തരമായി പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടത്.