തിളവെയിലിൽ കുളിരായി; ന്യൂനമർദം ശനി വരെ മഴ പെയ്യിച്ചേക്കും
Tuesday, January 31, 2023 10:18 PM IST
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ട്രിങ്കോമാലിയിൽ നിന്ന് 290 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ബുധനാഴ്ച വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടുമെന്നാണ് നിഗമനം.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ ഉടൻ മടങ്ങിയെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.