റയലിന്റെ വിജയക്കുതിപ്പിന് തടയിട്ട് ഒസാസുന; സമനില
Monday, October 3, 2022 5:05 AM IST
മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പിന് ഒടുവിൽ ഒസാസുന തടയിട്ടു. ലാ ലിഗയിൽ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ആതിഥേയരെ ഒസാസുന സമനിലയിൽ കുരുക്കി. പുതിയ സീസണിൽ ആദ്യമായാണ് റയൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്.
ആവേശപോരാട്ടത്തിൽ ഇരുടീമും ഓരോ ഗോൾ വീതം അടിച്ചു. വിനീഷ്യസ് ജൂണിയർ (42') റയലിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ ഒസാസുനയുടെ സമനില ഗോളെത്തി. അമ്പതാം മിനിറ്റിൽ കികെ ഗാർസിയ ഒസാസുനയെ ഒപ്പമെത്തിച്ചു.
മത്സരത്തിൽ കരീം ബെൻസീമ പെനാൽറ്റി നഷ്ടപ്പെടുത്തിയത് റയലിന് തിരിച്ചടിയായി. 78-ാം മിനിറ്റിൽ ഒസാസുന താരം ഡേവിഡ് ഗാർസിയ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. ഇതോടെ ലഭിച്ച പെനാൽറ്റി എടുത്ത ബെൻസീമയ്ക്ക് പിഴച്ചു, ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ഈ സമനിലയോടെ റയൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴു മത്സരങ്ങളിൽ ആറു ജയവും ഒരു സമനിലയുമായി 19 പോയിന്റ് റയലിനുണ്ട്. തുല്യ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള ബാഴ്സലോണയാണ് ഒന്നാമത്.