ആർഎസ്എസിനെതിരേ ഫേസ്ബുക്ക് പോസ്റ്റ്: സുധാകരനും ചിത്തരഞ്ജനുമെതിരേ കേസ്
Tuesday, February 7, 2023 5:02 PM IST
ആലപ്പുഴ: മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ആലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ പി.പി. ചിത്തരഞ്ജനുമെതിരേ കേസ്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ഇരുവരും ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരേയാണ് പരാതി.
1948-ൽ ഇന്ത്യയുടെ ആത്മാവിലേക്ക് ആർഎസ്എസ് തീവ്രവാദികൾ നിറയൊഴിച്ചു എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. ഗാന്ധിയെ വധിക്കാൻ നിർദേശം കൊടുത്തതും ഗൂഢാലോചന നടത്തി കൊന്നതും സംഘപരിവാർ പ്രവർത്തകരായിരുന്നു എന്നാണ് ചിത്തരഞ്ജന്റെ പോസ്റ്റ്.