കേണിച്ചിറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഇറങ്ങി
Sunday, June 23, 2024 4:39 PM IST
വയനാട്: കേണിച്ചിറയിൽ ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ചു പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനിടെ ഇന്നലെയും കടുവ പശുവിനെ ആക്രമിച്ചിരുന്നു.
കടുവയുടെ ആക്രമണത്തിൽ നാല് പശുക്കൾ ചത്തിരുന്നു. ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ആർആർടി സംഘം. അതിനിടെ ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് ഇറങ്ങിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.