ഭൂകമ്പം: തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെ അയച്ച് യുക്രെയ്ൻ
Thursday, February 9, 2023 11:58 AM IST
കീവ്: റഷ്യൻ ആക്രമണം നേരിടുന്നതിനിടയിലും തുർക്കിയിലേക്കു രക്ഷാപ്രവർത്തകരെ അയച്ച് യുക്രെയ്ൻ. പരിശീലനം ലഭിച്ച പത്തു നായകൾക്കൊപ്പം 90 അംഗ സംഘത്തെയാണ് അയയ്ക്കുക. യുക്രെയ്ൻ സംഘത്തിനു പ്രകൃതിദുരന്തങ്ങൾ നേരിട്ടു നല്ല പരിചയമുണ്ടെന്നു പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
അതേസമയം, തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 11,000 കടന്നു. അന്പതിനായിരത്തിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ പല മടങ്ങ് ഉയരുമെന്നാണു വിലയിരുത്തൽ.
പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിനു വിഘാതം സൃഷ്ടിച്ചിരിക്കുകയാണെങ്കിലും ആയിരക്കണക്കിനു രക്ഷാപ്രവർത്തകർ, ഓരോ ജീവനും രക്ഷപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്നു. രണ്ടു ഡസനിലേറെ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരാണ് തുർക്കിയിലെ രക്ഷാസംഘത്തിനൊപ്പം പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽനിന്ന് എൻഡിആർഎഫിന്റെ മൂന്നാം സംഘം ഇന്നലെ രാത്രി തുർക്കിയിലെത്തി.