ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിന്: സതീശൻ
Thursday, September 12, 2024 2:29 PM IST
തിരുവനന്തപുരം: എൽഡിഎഫിൽ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഇത് വ്യക്തമായെന്ന് സതീശൻ വിമർശിച്ചു.
ആരോപണം നേരിടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്ത നടപടി അപഹാസ്യമാണ്.
ആര്‍എസ്എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിട്ടുപോലും വിശദീകരണം ചോദിക്കാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയാറായില്ല. ഇത് ആര്‍എസ്എസ്-സിപിഎം അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
അജിത് കുമാറിനെതിരെ നടപടിയെടുത്താല്‍ അത് ആര്‍എസ്എസിനെ വേദനിപ്പിക്കും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.