വടക്കഞ്ചേരി അപകടം; ബസ് ഡ്രൈവറെ കാണാനില്ല; ചികിത്സ തേടിയത് അധ്യാപകനെന്ന പേരില്‍
Thursday, October 6, 2022 4:26 PM IST
പാലക്കാട്: വടക്കഞ്ചേരിയില്‍ സ്കൂള്‍കുട്ടികളടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കാണാനില്ല. അധ്യാപകനെന്ന വ്യാജേന ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഇയാള്‍ മുങ്ങിയെന്നാണ് വിവരം.
വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിലെത്തിയാണ് എറണാകുളം സ്വദേശിയായ ഡ്രൈവര്‍ ജോമോൻ ചികിത്സ തേടിയത്. കൈയ്ക്കും കാലിനും സാരമല്ലാത്ത പരിക്ക് മാത്രമുണ്ടായിരുന്ന ഇയാള്‍ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നു രാവിലെ ടൂറിസ്റ്റ് ബസിന്റെ ഉടമയടക്കമുള്ളവരെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയെന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് ബുധനാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് തലകീഴായി മറിഞ്ഞു. അപകടസമയത്ത് ബസ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.