വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചു
Sunday, November 27, 2022 11:08 PM IST
വിഴിഞ്ഞം: മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാർ നിയന്ത്രണം ഏറ്റെടുത്ത വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചു. രാത്രി ഒൻപതോടെ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്ത് എത്തിയതിനു പിന്നാലെ പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി.
പ്രതിഷേധക്കാരെ തുരത്താൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ പരിക്ക് പറ്റി വിഴിഞ്ഞം പോലീസ് സ്റ്റേഷനുള്ളിൽ അഭയം തേടിയ ഒൻപത് പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ പല തവണ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. പരിക്ക് പറ്റിയവരെ ആശു പത്രിയിലേക്ക് മാറ്റാൻ എത്തിയ 108 ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു.
തുടർന്ന് വീണ്ടും സ്വകാര്യ ആംബുലൻസ് ഉപയോഗിച്ച് സ്റ്റേഷന്റെ പിൻവശം വഴി പരിക്ക് പറ്റിയവരെ മാറ്റാൻ ശ്രമിച്ചെങ്കിലും അതും പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെയാണ് നൂറോളം വരുന്ന പോലീസ് സംഘം പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതോടെ പിന്തിരിഞ്ഞ് ഓടിയ പ്രതിഷേധകാർ വിഴിഞ്ഞം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കൂട്ടം കൂടി. രാത്രി വൈകിയും സംഘർഷത്തിന് അയവ് വന്നിട്ടില്ല. കൂടുതൽ പോലീസ് സ്ഥലത്ത് എത്തി. കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് തുടരുകയാണ്.