ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു; സൂചിപ്പാറയിൽ നിന്ന് നാലു മൃതദേഹങ്ങൾ കണ്ടെത്തി
Friday, August 9, 2024 5:34 PM IST
കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി നടത്തിയ ജനകീയ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ ജനകീയ തെരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
സൂചിപ്പാറയിൽ നിന്ന് കണ്ടെത്തിയ നാലു മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ദുരന്തത്തിൽ 133 പേരെ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാവിലെ ഏഴിനു ആരംഭിച്ച ജനകീയ തെരച്ചിൽ ഉച്ചയ്ക്ക് 12.30ന് അവസാനിപ്പിച്ചു. ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യൂവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.