അരിക്കൊമ്പനെ ശനിയാഴ്ച മയക്കും; വെള്ളിയാഴ്ച മോക് ഡ്രിൽ
Wednesday, March 22, 2023 7:21 PM IST
തൊടുപുഴ: ചിന്നക്കനാൽ - ശാന്തൻപാറ മേഖകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ ശനിയാഴ്ച മയക്കുവെടി വച്ച് തളയ്ക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിക്കും.
ദൗത്യം നടക്കുന്ന ചിന്നക്കനാല്‍ പഞ്ചായത്തിലെ വാർഡുകളില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. 301 കോളനി മേഖലയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും. കോടനാട് മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും. പ്രദേശത്ത് നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.
ആനയെ പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കൊമ്പനെ തളയ്ക്കുന്നതിനായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചിട്ടുണ്ട്. മൂന്ന് കുങ്കിയാനകള്‍ കൂടി ഉടന്‍ ഇടുക്കിയിലെത്തും. അരിക്കൊമ്പനെ ആകര്‍ഷിക്കുന്നതിനായി 301 കോളനിയില്‍ താല്‍ക്കാലിക റേഷന്‍ കട സജ്ജമാക്കി.
35 വയസുള്ള അരിക്കൊന്പനെ 2017-ൽ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. അന്ന് മൂന്നുതവണ മയക്കുവെടി വച്ചെങ്കിലും ആനയെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഇത്തവണ ദൗത്യസംഘം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.