പിറന്ന മണ്ണ് തേടി; അരിക്കൊമ്പൻ തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക്
Friday, May 26, 2023 10:39 PM IST
ഇടുക്കി: ചിന്നക്കനാലിൽനിന്നും കാടിറക്കിയ അരിക്കൊമ്പൻ പിറന്ന മണ്ണിലേക്ക് തിരിച്ചുനടന്നടുക്കുന്നതായി വനംവകുപ്പ് ആശങ്ക. നിലവിൽ തമിഴ്നാട് വനമേഖല കടന്ന് ലോവർക്യാമ്പ് പവർഹൗസിനു സമീപമാണ് അരിക്കൊമ്പന്റെ ലൊക്കേഷൻ.
ഇവിടെനിന്ന് ഇപ്പോഴുള്ള ദിശയിൽ നേരെ സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ തിരിച്ചെത്താം. ഇതാണ് വനംവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ ദിവസം മൂന്നാർ ടൗണിന് സമീപമെത്തിയ കൊമ്പൻ 100 മീറ്റർ അകലെ തേക്കടി വനമേഖലയിലേക്ക് പിന്മാറിയിരുന്നു.
ഇവിടെനിന്നും വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലം-ഡിണ്ടിഗൽ ദേശിയപാത മുറിച്ചുകടന്ന് തമിഴ്നാട് വനമേഖലയും പിന്നിട്ട് ലോവർക്യാമ്പ് പവർഹൗസിനു സമീപം എത്തിനിൽക്കുകയാണ്. ഇതേ ദിശയിൽ നേരെ സഞ്ചരിച്ചാൽ കമ്പമേട്ടിലും ഇവിടെനിന്ന് രാമക്കൽമേടുമെത്താം.
വീണ്ടും മുന്നോട്ടു നീങ്ങിയാൽ മതികെട്ടാൻ ചോല കടന്ന് ശാന്തൻപാറയിൽ എത്താം. ഇവിടെനിന്ന് മല ഇറങ്ങിയാൽ ചിന്നക്കനാലിലേക്ക്. ഒരു മാസത്തിനു ശേഷം തന്റെ സ്വന്തം കാട്ടിലേക്ക് അരിക്കൊമ്പൻ എത്തിയേക്കുമെന്നാണ് ഇപ്പോൾ വനംവകുപ്പ് ആശങ്കപ്പെടുന്നത്.