വോട്ട് അഭ്യർഥന; വി.വി.പ്രകാശിന്റെ വീട്ടിലെത്തി അൻവർ
Monday, June 2, 2025 8:24 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടിലെത്തി. തനിക്ക് വോട്ട് ചെയ്യണമെന്ന് അൻവർ പ്രകാശിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു.
പ്രകാശിന്റെ വീട്ടിലെത്തണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. താനും പ്രകാശുമൊക്കെ കോളജിലും യൂത്ത് കോൺഗ്രസിലും കെഎസ്യുവിലുമൊക്കെ ഒരുമിച്ച് പ്രവർത്തിച്ചതാണെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി.പ്രകാശിനെയാണ് അൻവർ പരാജയപ്പെടുത്തിയത്.
എല്ലാമനുഷ്യരുടെയും പിന്തുണ തനിക്കുണ്ടാകും. അതിൽ സ്വാഭാവികമായി വി.വി.പ്രകാശിന്റെ കുടുംബവും ഉൾപ്പെടും. പ്രകാശിന്റെ കുടുംബവുമായി പണ്ടും നല്ല അടുപ്പത്തിലാണ്. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം തങ്ങളെന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമാണെന്ന് പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞു. വി.വി.പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാകയാണെന്നും ആ പാർട്ടിയോടായിരിക്കും മരണം വരെ അനുഭാവമെന്നും അവർ പറഞ്ഞു.