അമ്മ ജനറൽ ബോഡി ഇന്ന്; പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും
Sunday, June 22, 2025 9:58 AM IST
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററിൽ ചേരുന്ന യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
പ്രസിഡന്റായി മോഹന്‍ലാല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. എല്ലാവര്ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവിലുള്ള ധാരണ. തെരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊണ്ടുവന്ന പുതിയ നിർദേശവും യോഗത്തിൽ ചർച്ച ചെയ്യും.
ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ചില ഭാരവാഹികൾ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.