യുപിയിൽ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
Monday, June 23, 2025 5:06 AM IST
ലക്നോ: ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ചൗഖട്ട ഗ്രാമത്തിലാണ് സംഭവം. 26 കാരിയായ പിങ്കിയാണ് നാലു വയസുകാരനായ മകൻ മോഹിതിനെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്.
യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി തിർവ സർക്കിൾ ഓഫീസർ (സിഒ) പ്രിയങ്ക ബാജ്പായ് പറഞ്ഞു. രഞ്ജിത് കുമാർ രജ്പുത് എന്നയാളെയാണ് പിങ്കി വിവാഹം ചെയ്തിരുന്നത്.
ഗുജറാത്തിലാണ് രഞ്ജിത് കുമാർ ജോലി ചെയ്തിരുന്നത്. ജോലി സംബന്ധമായി ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. ശനിയാഴ്ച രാത്രി മകനെ കൊലപ്പെടുത്തിയ ശേഷം പിങ്കി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾ മുറി പൊളിച്ച് തുറന്നപ്പോൾ മോഹിത്തിന്റെ മൃതദേഹം തറയിൽ കണ്ടെത്തി. സീലിംഗിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പിങ്കി.
സ്ത്രീധന പീഡനത്തെ തുടർന്ന് മകളെയും ചെറുമകനെയും ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് പിങ്കിയുടെ പിതാവ് രാകേഷ് ചന്ദ്ര ആരോപിച്ചു.