ഭാരതാംബ വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
Wednesday, July 2, 2025 5:33 PM IST
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡു ചെയ്തു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.
ഗവർണറോട് അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന പേരിൽ പത്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചിരുന്നു.
തുടർന്ന് പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും രംഗത്തുവന്നതോടെ രജിസ്ട്രാർ പരിപാടി റദ്ദാക്കിയെന്ന് കാണിച്ച് സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. ആദ്യം നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സസ്പെന്ഷന് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം സസ്പെൻഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെ.എസ്.അനിൽകുമാർ വ്യക്തമാക്കി.