ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ, പ്രതിഷേധ മാർച്ചിൽ സംഘർഷം
Tuesday, July 8, 2025 1:27 PM IST
കോഴിക്കോട്/കണ്ണൂർ: സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രണ്ടിടത്തും പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.
കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന് തയാറായില്ല. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയാണ്.