എഎപി എംഎൽഎയെ ഓടിച്ചിട്ട് തല്ലി പാർട്ടി പ്രവർത്തകർ- വീഡിയോ
വെബ് ഡെസ്ക്
Tuesday, November 22, 2022 12:00 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലി. മതിയാല എംഎൽഎ ഗുലാബ് സിംഗ് യാദവിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രശ്നമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.
രൂക്ഷമായ വാക്കേറ്റമാണ് എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായത്. പിന്നാലെ ക്ഷുഭിതരായ പ്രവർത്തകർ എംഎൽഎയെ മർദിക്കുകയും കോളറിൽ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തെ തുടർന്ന് യാദവ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്നാലെയെത്തി മർദനം തുടർന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ എഎപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. എഎപിയെ പരിഹസിച്ച് ബിജെപി നേതാക്കളും വീഡിയോ ഷെയർ ചെയ്തു. "സത്യസന്ധമായ രാഷ്ട്രീയം' എന്ന നാടകത്തിൽ മുഴുകിയ പാർട്ടിയിൽനിന്ന് അത്ഭുപൂർവമായ രംഗങ്ങൾ. അഴിമതി നടത്തിയ എഎപി നേതാക്കളെ അവരുടെ പ്രവർത്തകർ പോലും വെറുതെ വിടുന്നില്ലെന്ന് ബിജെപി നേതാവ് സംബിത് പത്ര ട്വീറ്റ് ചെയ്തു.