ഏകീകൃത ബലിയർപ്പണം: മെത്രാന്മാരുടെ കമ്മിറ്റി ചർച്ച നടത്തും
Thursday, November 24, 2022 7:27 PM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് വിലയിരുത്തി.
അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് മെത്രാന്മാരുടെ കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരാണു കമ്മിറ്റിയിലുള്ളത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ചർച്ച.
ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുന്പുള്ള വെള്ളി, ശനി, ഞായർ (നവംബർ 25, 26, 27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർഥിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സാധിക്കുന്ന പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആർച്ച്ബിഷപ് അറിയിച്ചു.