ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പരിപാടികൾ പ്രഖ്യാപിച്ച നടപടി സർക്കാരുകൾ പിൻവലിക്കണം: കെസിബിസി
ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പരിപാടികൾ പ്രഖ്യാപിച്ച നടപടി സർക്കാരുകൾ പിൻവലിക്കണം: കെസിബിസി
Sunday, December 18, 2022 4:36 PM IST
കൊച്ചി: ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പരിപാടികൾ പ്രഖ്യാപിച്ച നടപടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻവലിക്കണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ.

ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങൾ പലരീതിയിൽ പ്രവൃത്തി - പരിശീലന ദിനങ്ങളാക്കുന്ന പ്രവണത വർധിച്ചുവന്ന പശ്ചാത്തലത്തിൽ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിച്ചിരുന്നുവെന്നും ആത്മാർത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഭരണകർത്താക്കൾ ഉറപ്പു നൽകിയിട്ടും, വിവിധ സർക്കാർ വകുപ്പുകൾ വീണ്ടും ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കുകയാണെന്നും ജാഗ്രതാ കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ ഈ വർഷത്തെ എൻസിസി ക്യാമ്പ് ഡിസംബർ 23 നും, എൻഎസ്എസ് ക്യാമ്പ് ഡിസംബർ 24 നും ആരംഭിക്കാനാണ് നിലവിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എൻഎസ്എസ് ക്യാമ്പ് ഡിസംബർ 26ന് ആരംഭിക്കാനുള്ള ഓപ്ഷനും കേരളസർക്കാർ നൽകിയിട്ടുണ്ടെങ്കിലും അത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിരിക്കുന്നു.

ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതുണ്ട് എന്നത് വ്യക്തമാണെങ്കിലും, ക്രിസ്തുമസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.


മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം എന്ന നിലയിൽ, ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കണം എന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും മുമ്പ് ഒട്ടേറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം പ്രവണതകളിൽനിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറേണ്ടതുണ്ട്. മറ്റൊരു മത വിഭാഗങ്ങളും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിഷേധാത്മകമായ ഭരണകൂട നിലപാടുകൾ മൂലം ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് നേരിടേണ്ടതായി വന്നുകൊണ്ടിരിക്കുന്നത്.

എല്ലാ സമുദായങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, രാഷ്ട്രീയ സ്വാധീനങ്ങൾക്കും വോട്ട് ബാങ്കുകൾക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുന്നതും ക്രൈസ്തവ വിഭാഗത്തിന്‍റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും പതിവായി നിഷേധിക്കുന്നതുമായ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും കുറിപ്പിൽ പറയുന്നു.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെ കാര്യത്തിലും, തുടർന്നും ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങൾകൂടി പരിഗണിക്കാനും വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ തയാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<