രണ്ട് ദിവസത്തിനിടെ 39 വിദേശ യാത്രികർക്ക് കോവിഡ്; അതീവ ജാഗ്രതയിൽ രാജ്യം
Wednesday, December 28, 2022 5:51 PM IST
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനകളിൽ 39 അന്താരാഷ്ട്ര യാത്രികർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. അടുത്ത 40 ദിവസം അതീവ നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ടെർമിനലുകളിൽ കഴിഞ്ഞ ദിവസം 6,000 യാത്രികരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരിൽ 39 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി ക്രമീകരണങ്ങൾ വിലയിരുത്തുമെന്ന് അറിയിച്ചു.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് പടർന്ന് പിടിച്ച് 30 -35 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ രോഗം വ്യാപിക്കുന്ന മുൻകാല അനുഭവങ്ങൾ പരിഗണിച്ചാണ് 40 ദിവസത്തെ ജാഗ്രതാ നിർദേശം സർക്കാർ പുറപ്പെടുവിച്ചത്.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബാങ്കോക്ക്, സിംഗപ്പൂർ, ഹോംഗ് കോംഗ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രികർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
നിലവിൽ രാജ്യത്ത് കോവിഡ് കേസുകൾ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.