ഒരുമയെ തകർക്കാനുള്ള നീക്കങ്ങൾ പുസ്തകങ്ങളെ സ്നേഹിക്കുന്നവർ ചെറുക്കണം: മുഖ്യമന്ത്രി
Thursday, January 12, 2023 9:54 PM IST
കോഴിക്കോട്: ഒരുമയെ തകർക്കാനുള്ള നീക്കങ്ങൾ ചെറുക്കാൻ എഴുത്തുകാരും വായനക്കാരും ഉൾപ്പെടെ പുസ്തകങ്ങളെ സ്നേഹിക്കുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ കൂടുതലായി ഒറ്റപ്പെടുന്ന കാലത്ത് പുസ്തകങ്ങളുടെ പേരിലുള്ള കൂട്ടായ്മ നൽകുന്ന സന്തോഷം വലുതാണ്. വായനയിലൂടെ പരിപക്വമായ മനസിന് മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനാകൂ. പുസ്തകങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ ജീവിതത്തിലുടനീളം നല്ലൊരു സുഹൃത്തിനെ കണ്ടെത്തുകയാണ്. ആ വെളിച്ചമാണ് ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കുന്നത്.
അതിനെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ജാതി, -മത സ്പർധകൾ വളർത്താനുള്ള കുത്സിത നീക്കമുണ്ടാകുന്നു. സ്നേഹത്തോടെയും സമാധാനത്തോടെയുമുള്ള നാടിന്റെ മുന്നോട്ടുപോക്കിനെ അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനെ പ്രതിരോധിക്കാനാവണം- മുഖ്യമന്ത്രി പറഞ്ഞു.