ഗവർണറുടെ വസതിയിലെ പൊങ്കൽ ആഘോഷത്തിൽ നിന്ന് വിട്ടുനിന്ന് ഡിഎംകെ
Thursday, January 12, 2023 10:32 PM IST
ചെന്നൈ: ഗവർണർ ആർ.എൻ. രവിയുമായുള്ള ശീതസമരം പൊങ്കൽ ആഘോഷത്തിലും പ്രകടമാക്കി ഡിഎംകെ. ഗവർണറുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ നിന്ന് ഡിഎംകെയും സഖ്യകക്ഷികളും പൂർണമായും വിട്ടുനിന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള കാബിനറ്റ് മന്ത്രിമാർക്കൊപ്പം ഡിഎംകെ, കോൺഗ്രസ് മുതലായ കക്ഷികളിലെ നേതാക്കളെല്ലാം വിട്ടുനിന്നതോടെ ഭരണപക്ഷത്ത് നിന്ന് ആരുമില്ലാതെയാണ് ആഘോഷചടങ്ങ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് എടപ്പാടി പളിനിസ്വാമി, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത തമിഴ് വേഷമണിഞ്ഞെത്തിയ ഗവർണർ, പൊങ്കൽ സദ്യ പാകം ചെയ്താണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ആഘോഷങ്ങളോടനുബന്ധിച്ച് ഗവർണറുടെ വസതിയുടെ മുറ്റത്ത് പാരന്പര്യകലകൾ അരങ്ങേറി.
നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന ചേരിതിരിവും തമിഴ്നാടിനെ തമിഴകം എന്ന് വിശേഷിപ്പിക്കുന്ന ഗവർണറുടെ നിലപാടുമാണ് സർക്കാർ - ഗവർണർ പോര് മൂർദ്ധന്യാവസ്ഥയിലെത്തിച്ചത്. നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർ കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം സർക്കാർ നേരത്തെ ഉന്നയിച്ചിട്ടുണ്ട്.