മകരവിളക്ക് ഉത്സവം: ശബരിമല നട 20ന് അടയ്ക്കും
Tuesday, January 17, 2023 5:09 PM IST
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി തുറന്ന ശബരിമല ക്ഷേത്രം പൂജകൾ പൂർത്തിയാക്കി ജനുവരി 20ന് പുലർച്ചെ ആറിന് അടയ്ക്കും. ജനുവരി 19 രാത്രി 10 വരെ ഭക്തർക്ക് ദർശന സൗകര്യമുണ്ടായിരിക്കും.
അതേസമയം, നെയ്യഭിഷേകം ജനുവരി 18 വരെ മാത്രമേ ഉണ്ടാകു. തിരുവാഭരണം ചാർത്തിയുള്ള ദർശനവും 18ന് അവസാനിക്കും.
18ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 19ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും.