ലക്നോയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം
Tuesday, January 24, 2023 9:01 PM IST
ലക്നോ: വസീർ ഹസൻഗഞ്ജ് മേഖലയിലെ പാർപ്പിട സമുച്ചയത്തിലെ കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. ഏകദേശം 35 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ ഏഴ് പേരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടം സംഭവിക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ എട്ട് കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിഭ്രാന്തരായ പ്രദേശവാസികളെയും കെട്ടിടത്തിലെ താമസക്കാരെയും അധികൃതർ സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്.