ഡൽഹി കലാപം: വിദ്യാർഥികളെ ബലിയാടാക്കിയെന്ന് കോടതി
Saturday, February 4, 2023 10:01 PM IST
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ കലാപത്തിൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് കോടതി. ഷർജീൽ ഇമാം അടക്കമുള്ള വിദ്യാർഥികൾ കലാപത്തിൽ കുറ്റക്കാരല്ലെന്നും ഇവരടക്കമുള്ളവരെ ബലിയാടാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന കാരണത്താൽ മാത്രം വിദ്യാർഥികളെ കേസിൽ പ്രതികളാക്കുന്നത് ശരിയല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും കോടതി പറഞ്ഞു. ശരിയായ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ചിലരെ ബലിയാടുകളാക്കി.
പ്രതികളെ പോലീസ് "തെരഞ്ഞെടുക്കുക' ആയിരുന്നു. ഇവർക്കെതിരെ തെളിവായി ഒരു രേഖയോ, വാട്സ്ആപ്പ് ചാറ്റോ ഹാജരാക്കാൻ പോലീസിന് സാധിച്ചില്ല. ഇത് നീതിയുക്തമായ നിയമപരിപാലനത്തിന് യോജിച്ചതല്ല.
കേസിൽ പ്രതി ചേർക്കപ്പെട്ട 11 പേർക്കെതിരെ പോലീസ് നടപടിയെടുത്തത് നിയമപരമായി ഒത്തുകൂടി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും നീണ്ടുപോകുന്ന കുറ്റവിചാരണ നടപടികൾ ശരിയായ മാതൃകയല്ലെന്നും കോടതി നിരീക്ഷിച്ചു.