ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ കായലിൽ ചാടി മരിച്ചു
ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ കായലിൽ ചാടി മരിച്ചു
Thursday, February 9, 2023 11:25 AM IST
സ്വന്തം ലേഖകൻ
കൊച്ചി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ റോ റോ ജങ്കാറിൽനിന്നും കായലിൽ ചാടി മരിച്ചു. ചെറായി ദേവസ്വം നടയിൽ പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിന് സമീപം കുറ്റിപ്പിള്ളിശേരി ലളിത (57) യെ കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട ഭർത്താവ് ശശി (62) ആണ് കായലിൽ ചാടി മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

ചെണ്ടമേളക്കാരനായ മകൻ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലർച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽക്കാരെയും പോലീസിനെയും അറിയിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തുടർന്ന് വിവരമറിഞ്ഞ് മുനമ്പം പോലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇതിനിടെ ഭർത്താവ് ശശിയെ കാണാതാകുകയായിരുന്നു. ഇയാളെ പുലർച്ചെ നാലോടെ ദേവസ്വം നട കവലയിൽ കണ്ടിരുന്നു. ചില പരിചയക്കാർ ചോദിച്ചപ്പോൾ നടക്കാനിറങ്ങിയതാണെന്നാണ് മറുപടി പറഞ്ഞത്.


ഇതിനിടയിൽ 6.30ഓടെയാണ് ഒരാൾ ഫോർട്ടുകൊച്ചി റോ റോ ജങ്കാറിൽ നിന്ന് ചാടി മരിച്ചതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കായലിൽ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.

ലളിതയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലും ശശിയുടെ മൃതദേഹം ഫോർട്ടുകൊച്ചി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം സംസ്കാരം നടത്തും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<