തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
അനീമിയയുടെ കാരണം പലത്
കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. ആർത്തവം, ആർത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവ സമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങൾ, ദീർഘകാല രോഗങ്ങൾ, അർശസ്, കാൻസർ എന്നീ കാരണങ്ങൾ കൊണ്ട് അനീമിയ ഉണ്ടാകാം.
അനീമിയ എങ്ങനെ കണ്ടെത്താം
രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാൻ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതൽ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തിൽ കാണുക. പുരുഷന്മാരിൽ ഇത് 13 മുതൽ 17 വരെയും കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെയുമാണ്. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിൻ ഉണ്ടായിരിക്കണം. ഈ അളവുകളിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ അനീമിയ ആയി കണക്കാക്കാം.
അനീമിയ എങ്ങനെ തടയാം
· ഗർഭകാലത്ത് അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുക
· കൗമാരപ്രായക്കാർ അയൺ ഫോളിക് ആസിഡ് ഗുളിക ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഭക്ഷണത്തിന് ശേഷം കഴിക്കുക
· ആറ് മാസത്തിലൊരിക്കൽ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക
· ഇരുമ്പ് സത്തും വിറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
· ആഹാര സാധനങ്ങളോടൊപ്പം ചായ, കാപ്പി തുടങ്ങിയവ കുടിക്കരുത്.
· വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷ ഉപയോഗിക്കുക
· മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക
· ടോയ്ലറ്റിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതൽ അടങ്ങിയവ മുരിങ്ങയില, ചീര, പയർ ഇല, അഗത്തിച്ചീര, ചേമ്പില, കാബേജ്, തുടങ്ങിയ പച്ചക്കറികൾ, തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടലകൾ, പയറുവർഗങ്ങൾ, ശർക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരൾ തുടങ്ങിയവയിൽ ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതൽ അടങ്ങിയിട്ടുണ്ട്.
അനീമിയ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണത്തിനുശേഷം ഒരു മണിക്കൂറിനുള്ളിൽ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.