ദൂരദർശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള നീക്കം: മുഖ്യമന്ത്രി
Monday, February 27, 2023 5:56 AM IST
തിരുവനന്തപുരം: ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസായി സംഘപരിവാർ ബന്ധമുള്ള "ഹിന്ദുസ്ഥാൻ സമാചാറി'നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വാർത്താമാധ്യമങ്ങളെ കോർപ്പറേറ്റുകളിലൂടെ കൈയടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവയ്ക്കുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.