എൽപിജി വിലവർധന; ട്രെയിൻ തടഞ്ഞ് കുട്ടിസഖാക്കൾ
Wednesday, March 1, 2023 7:31 PM IST
എറണാകുളം: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് പ്രതിഷേധം നടന്നത്.
സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നയിച്ച ഡിവൈഎഫ്ഐ സംഘം, ട്രാക്കിലിറങ്ങി കായംകുളം പാസഞ്ചർ തടയുകയായിരുന്നു. ജോസ് ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളയിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടയുന്നതെന്ന് നേതാക്കൾ അറിയിച്ചു.
ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
14.2 കിലോഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1,110 രൂപ ആയി.
19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയും കൂട്ടി. 351 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.